എന്തിനാണ് അവർ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു ബന്ധത്തിൽ തുടരുന്നത്…. അവർക്ക് അത് പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ അത് ഓർത്ത് വിഷമിക്കുന്നത്…..
ഒരു ‘abusive relationship’ ൽ നിന്ന് പുറത്ത് കടക്കാൻ ശ്രെമിക്കാതെ അതിൽ കഷ്ടപ്പെട്ട് തുടരുന്ന ഏതൊരു വ്യക്തിയെ കാണുമ്പോഴും ആളുകൾ പറയാറുള്ളത് ഇതൊക്കെയാണ്. ഒരു സമയം വരെ ഞാനും ഇങ്ങനെയാണ് വിശ്വസിച്ചിരുന്നത്. പക്ഷേ കേൾക്കുന്ന അത്ര ലാഘവത്തോടെ എടുക്കേണ്ട ഒന്നല്ല ഇത്. ഇതിനെക്കുറിച് കൂടുതൽ മനസിലാക്കിയപ്പോഴാണ് ‘Trauma Bonding’ എന്ന അവസ്ഥയിൽ അവർ പെട്ടു പോകുന്നതാണ് എന്ന് അറിയുന്നത്. എനിക്ക് രണ്ട് അടി കിട്ടിയാൽ എന്താണ് അവർക്ക് എന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ , എനിക്ക് അവർ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറയുമ്പോൾ അവർ പോലും അറിയാതെ അവർ Trauma Bonding ൽ അകപെടുകയാണ്. ഇത് കാരണമാണ് ഒരുപാട് ദമ്പതികൾ സന്തോഷവും സമാധാനവും ഇല്ലാത്ത ബന്ധങ്ങളിൽ തുടരുന്നത്. ഇതിന് പ്രണയം സൗഹൃദം കുടുംബബന്ധം എന്ന വ്യത്യാസങ്ങൾ ഒന്നുമില്ല. തെറ്റാണ് എന്ന് അറിഞ്ഞുകൊണ്ട് ആത്മാഭിമാനം മറന്ന് തുടരുന്ന ഏതൊരു ബന്ധവും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
‘ജയ ജയ ജയ ഹേ’ എന്ന സിനിമയിൽ ഓരോ തവണ രാജേഷ് ജയയെ അടിച്ചതിന് ശേഷം അത് പരിഹരിക്കാൻ എന്ന രീതിയിൽ പുറത്ത് കൊണ്ട് പോയി സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് തന്നെയാണ് Trauma Bonding ന്റെ ഏറ്റവും വലിയ ഉദാഹരണം. എന്നാൽ അതിൽ നിന്ന് പുറത്ത് കടക്കാൻ ഉള്ള ധൈര്യം ജയ കാണിച്ചു. യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ഒരു തീരുമാനം എടുക്കാൻ ധൈര്യം കാണിക്കുന്നത് വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമാണ്.
ഈ ബന്ധത്തിൽ ഞാൻ അനുഭവിക്കുന്നത് ഒന്നും ഞാൻ അർഹിക്കുന്നില്ല എന്ന ബോധ്യം ഉണ്ടെങ്കിലും ഇനി അത് എന്റെ തോന്നൽ മാത്രം ആയിരിക്കുമോ എന്ന സംശയമാണ് അവരെ ഇതിലേക്ക് നയിക്കുന്നത്. ഈ സമയത്ത് അവരെ കുറ്റപ്പെടുത്താതെ അവരുടെ കൂടെ നിൽക്കുക എന്നതാണ് അവരുടെ പ്രിയപെട്ടവർക്ക് അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. തനിക്ക് സംഭവിക്കുന്നത് എന്താണ് എന്ന് മനസിലാക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.
ഇതൊന്നും ഞാൻ അർഹിക്കുന്നില്ല. എന്റെ ജീവിതം ഇവിടെ ഇങ്ങനെ തീരേണ്ടതല്ല. ഞാൻ സമാധാനം അർഹിക്കുന്നു എന്ന് നിങ്ങൾ മനസിലാക്കുന്ന നിമിഷം സന്തോഷകരമായ ജീവിതത്തിലേക്ക് നിങ്ങൾ ചുവടുവെച്ച് കഴിഞ്ഞു.
‘Better Late Than Never’