CONTENTS

    സമയം പോയ പോക്കെ! 

    avatar
    Sahid Payyanur
    ·February 4, 2025
    ·2 min read

    ഇന്ന് ഞായറാഴ്ച, ഇഷ്ട്ടം പോലെ സമയമുണ്ട്.. ആകെ ഒരു അസൈൻമെൻ്റ് മാത്രമേ ചെയ്യാനുള്ളൂ..

    പത്താം ക്ലാസിൽ പഠിക്കുന്ന ശുക്കൂർ രാവിലെ എഴുന്നേറ്റയുടനെ ആദ്യം ചിന്തിച്ച കാര്യമിതാണ്.

    പക്ഷെ, കാര്യമെന്തായാലും രാവിലത്തെ കലാപരിപാടിയായ ഫോൺ കാണൽ നിർത്താൻ പറ്റില്ല. അത് കഴിഞ്ഞ് പത്ത് മണിയ്ക്ക് അസൈൻമെൻ്റ് എഴുതാൻ തുടങ്ങാം. ഉച്ചയാവുമ്പോൾ ഒരു കല്യാണത്തിന് പോവാനുണ്ട്. അതിനു മുമ്പ് അസൈൻമെൻ്റ് പരിപാടി തീർക്കുകയും ചെയ്യാം. ശുക്കൂർ മനസ്സിലുറപ്പിച്ചു.

    തൻ്റെ ദൃഢനിശ്ചയപ്രകാരം കറക്ട് പത്ത് മണിയ്ക്ക് തന്നെ ശുക്കൂർ എഴുതാൻ തുടങ്ങി. ഒരു പത്ത് മിനുറ്റ് കഴിഞ്ഞപ്പോൾ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ.. ഇൻസ്റ്റഗ്രാമിൽ ഹാരിസ് തന്നെ മെൻഷൻ ചെയ്തിരിക്കുന്നു. Devil Killer എന്നതാണ് id name. എന്നും എല്ലാം എഴുതുകയും പഠിക്കുകയും ചെയ്തിട്ട് അവസാനം മുട്ടപഫ്സ് വാങ്ങുന്ന സുഹൃത്തിനെ മെൻഷൻ ചെയ്യൂ എന്നതാണ് പോസ്റ്റ്... തന്നെ മെൻഷൻ ചെയ്തതിനെ സപ്പോർട്ട് ചെയ്ത് അജിത്തും ഡിക്രൂസും ലൈക്കും അടിച്ചിരിക്കുന്നു.

    ശുക്കൂറിന് ദേഷ്യം കൊണ്ട് കണ്ണു ചുവന്നു. അസൈൻമെൻ്റ് എഴുതാനുള്ളത് മാറ്റിവെച്ച് ഹാരിസ് Devil Killer നു മറുപടി കൊടുക്കാൻ പറ്റിയ പോസ്റ്റ് തപ്പിയിറങ്ങി...

    മണിക്കൂറുകൾക്കൊടുവിൽ ഒരു പോസ്റ്റ് കണ്ണിലുടക്കി. പകൽ സ്ത്രീ വിരോധിയായി ആൽഫ കളിച്ച് നടന്ന് രാത്രി കോഴിത്തരം കാണിച്ച് ഇൻസ്റ്റയിൽ ഗേൾസിന് മെസേജ് അയക്കുന്ന സുഹൃത്തിനെ മെൻഷൻ ചെയ്യൂ.. യെസ് ഹാരിസിന് പറ്റിയ പോസ്റ്റ്..

    ശേഷം പറയണ്ടല്ലോ... അങ്ങോട്ടും ഇങ്ങോട്ടും മെൻഷനിങ്ങായി അന്നത്തെ ദിവസം തീർന്നു. അസൈൻമെൻ്റ് വെള്ളത്തിലുമായി.

    അതെ, ഇന്നത്തെ കുട്ടികൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് ഫോ

    ൺ കാരണമുള്ള ഡിസ്ട്രാക്ഷൻ. അത് കൊണ്ട് തന്നെ ഒരു കാര്യവും കൃത്യമായി മുഴുമിപ്പിക്കാൻ അവർക്ക് പറ്റുന്നില്ല. ഇക്കാര്യത്തിൽ മുതിർന്നവരും ഒട്ടും പിന്നിലല്ല.

    എന്ത് കൊണ്ട് ഫോൺ നോട്ടിഫിക്കേഷൻ നമ്മുടെ ശ്രദ്ധ തെറ്റിക്കുന്നു. ?

    നോട്ടിഫിക്കേഷൻ എന്ന് പറയുന്നത് ഒരു സൂചനയാണ്.(cue) സൂചനയ്ക്ക് നമ്മുടെ ശ്രദ്ധ ആഘർഷിക്കാൻ സാധിക്കും.

    പലതരം സൂചനകൾ നമ്മുടെ ചുറ്റിലുമുണ്ട്. അത് നമ്മളിലേക്ക് എത്തുന്നത് പ്രധാനമായും കാഴ്ച, കേൾവി, മണം എന്നിവ മൂലമാണ്. ഉദാഹരണത്തിന് ഷവർമ, അൽഫാം ഒക്കെ കറങ്ങുന്നത് കാണുന്ന സൂചനകളാണ്. അത്തരം സൂചനകൾ സ്ഥിരം നമ്മൾ സ്വീകരിക്കുകയും അവിടെ പോയി കഴിക്കുകയും ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ശീലമായി മാറും. പിന്നീട് വിശപ്പില്ലെങ്കിലും ചുമ്മാ പോയി ഷവർമ്മ കഴിക്കുക എന്നുള്ളത് നമ്മുടെ ഹോബിയായി മാറും.

    ഇത് പോലെ തന്നെയാണ് ഫോണും. നോട്ടിഫിക്കേഷൻ വരുമ്പോഴൊക്കെ കയ്യിലെടുത്ത് ശീലിക്കുകയാണെങ്കിൽ പിന്നെ താഴെ വെയ്ക്കാൻ തോന്നുകയേയില്ല.

    അത് കൊണ്ടാണ്, പഠിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, കക്കൂസിൽ പോവുമ്പോഴൊക്കെ ഫോൺ കൂടെ വേണ്ടി വരുന്നത്.

    ഇത്തരം അവസ്ഥയ്ക്ക് പ്രധാനപ്പെട്ട ഒരു പരിഹാരമെന്തെന്നാൽ ഏറ്റവും പ്രധാനപെട്ട ജോലി ചെയ്യുന്ന സമയത്ത് ഫോൺ അടുത്ത് വെയ്ക്കാതിരിക്കുക എന്നുള്ളതാണ്. ഫോൺ നോട്ടിഫിക്കേഷൻ കാണുകയോ കേൾക്കുകയോ ചെയ്യുന്ന അവസരം ഒരിക്കലും ഉണ്ടാവരുത്. പഠിക്കുന്ന കുട്ടികളാണെങ്കിൽ , പഠിക്കുന്ന സമയത്ത് ഫോൺ മാതാപിതാക്കളെ ഏൽപ്പിക്കുകയോ, ഷെൽഫിൽ പൂട്ടി വെയ്ക്കുകയോ ചെയ്യുക. അതേ പോലെ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന സമയത്ത് ഫോൺ മാറ്റിവെയ്ക്കുമെന്ന് ദൃഢ നിശ്ചയം ചെയ്യുക.

    തീർച്ചയായും, ഇത്തരം പ്രവർത്തികൾ ഫോൺ നിങ്ങളെ നിയന്ത്രിക്കുന്നത് തടയുക തന്നെ ചെയ്യും

    സാഹിദ് പയ്യന്നുർ

    Need help? Book your counseling session now