CONTENTS

    നമുക്ക് കണ്ണ് തുറന്നൊന്നു കേൾക്കാൻ ശ്രമിച്ചാലോ?

    avatar
    Amalna Fathima C H
    ·June 21, 2024
    ·2 min read

    പണ്ട് പണ്ട് രാമൻനായരുടെ ചായക്കടയില് പകലന്തിയോളം നീണ്ടു കിടക്കുന്ന കുടുംബ രാഷ്ട്രീയ ചർച്ചകൾ ചായക്കൊപ്പം നാട്ടുകാരായ ഹംസക്കോയയും മത്തായിച്ചനും സേവിച്ചിരുന്നു. അതിരാവിലത്തെ റേഡിയോ കേട്ട് കഴിഞ്ഞാൽ പിന്നെ അവിടെ ചർച്ചകളായി. വീട്ടിൻ്റെ അടുക്കള മുതൽ റഷ്യയിലെ യുദ്ധം വരെ അവിടുത്തെ സംസാര വിഷയങ്ങളാണ്. മറയില്ലാത്ത, മടുപ്പില്ലാത്ത, മടിയില്ലാത്ത സംസാരങ്ങളും കേൾവിക്കാരും.

    നമുക്കും അടുത്ത സുഹൃത്തുക്കളില്ലേ, എന്തേ അവിടെ ആരും കേൾക്കാത്തതും പറയാതത്തും?

    പണ്ട് പണ്ട് വാപ്പ ഗൾഫിൽ നിന്നു വിളിക്കുന്ന ടെലിഫോൺ കോളും കാത്തു നിന്നിരുന്ന ഉമ്മാക്ക്,അതിലും വലിയൊരു listener നേ കിട്ടിയിട്ടുണ്ടാവില്ല. ഉപാധികളില്ലാതെ , ഒരുപാട് കാര്യങ്ങൾ പറയാൻ അവർക്കുണ്ടാവും.അതുമാത്രമാവാം അവരുടെ ആശ്വാസം.

    എറ്റവും പ്രിയപ്പെട്ടവർക്ക് ,കേൾക്കാൻ സമയമില്ലാതതുകൊണ്ടാണോ, അതോ ഇഷ്ടത്തോടെ കേൾക്കാൻ മറ്റെന്തൊക്കെയോ സമയങ്ങൾ നമുക്കിടയിൽ അപഹരിക്കപ്പെടുന്നതുകൊണ്ടാണോ, പലരും എല്ലാം ഉള്ളിലൊതുക്കി മറ്റാരോടൊക്കെയോ പറയേണ്ടി വരുന്നത്?

    വീട്ടിലെ ഡൈനിങ് ടേബിളിൽ ഇരിക്കുമ്പോ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ കുറവാണ്. സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷണത്തോടൊപ്പം, പറയാൻ കഴിയാതിരുന്ന ആഗ്രഹങ്ങളും , സ്കൂളിലെ കഥകളും ഒക്കെ പറയുന്നിടം.

    അവർ വളരുന്നയിടങ്ങളിൽ ,അവരെ വളർത്തുന്നയിടങ്ങളിൽ , അവരെ കേൾക്കാൻ നിങ്ങൾ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ?

    എൻ്റെ സാർ ഒരിക്കൽ പറഞ്ഞതോർമ്മയുണ്ട്, എന്ന് മുതലാണ് നിങ്ങള് മാതാപിതാക്കളോട് തുറന്ന് സംസാരിക്കാതെ ആയത്?

    പണ്ട് എല്ലാ കഥകളും പറഞ്ഞിരുന്നവർക്ക് ഇന്ന് ഒരു മറ വീണത്? കുഞ്ഞായിരിക്കുമ്പോൾ പുഞ്ചിരിയോടെ അവരെല്ലാം കേൾക്കുമായിരുന്നു.തെറ്റിനും ശരികൾക്കും നമ്മുടെ ഭാഗത്ത് നിന്ന് കേൾക്കുമായിരുന്നു (empathetic listening). കുറച്ചു മുതിർന്നു, teeneage ഒക്കെയായപ്പോൾ നമ്മളെ കേൾക്കുന്നതിനുപരി ഉപദേശിക്കാനും തുടങ്ങി. അങ്ങനെയാണ് പല വീടുകളിലെയും സംസാരങ്ങളും കേൾക്കലും അവിടെ നിന്നു പോകുന്നത്.

    ജോലി കഴിഞ്ഞ് എല്ലാ കാര്യങ്ങൾക്കുമൊടുവിൽ, അവനൊരു തീരുമാനമെടുത്തു. വീട് വിട്ട് ദൂരെ കാട്ടിലേക്ക് അപരിചിതരുടെ കൂടെ ഒരു യാത്ര. കേൾക്കാൻ മാത്രമായി, അറിയാത്ത മനുഷ്യരുടെ കൂടെ കഥകളും പാട്ടും ഒക്കെയായി കുറച്ചു ദിവസം കഴിയാം. അങ്ങനെ അവൻ മലമുകളിലെത്തി. അവർ കണ്ണുകൾ കെട്ടി. ഇതുവരെ കണ്ടിട്ടോ സംസരിച്ചിട്ടോ ഇല്ലാത്ത മനുഷ്യരുടെ കൂടെ ഇരുന്നു. സംസാരിച്ചു .അവർ അവനെ ഒരുപാട് കേട്ടു. മൊബൈൽ ഫോണിൽ അമ്മയുടെ രണ്ടു മൂന്ന് മിസ്ഡ് കോളുകൾ കണ്ടു. സൈലൻ്റ് ആക്കിയിടാനായിരുന്നു അവരുടെ ട്രിപ്പിലെ ഒരു റൂൾ.

    തിരിച്ചു വീട്ടിലെത്തിയപ്പോൾ അറിഞ്ഞത് അമ്മ ഹോസ്പിറ്റലിൽ ആണെന്നാണ്. അവൻ വരാൻ കാത്തിരുന്നെന്നോണം അമ്മ പറയാൻ വച്ച പലതും ബാക്കിയാക്കി വിടപറഞ്ഞു .ഫോണിൽ ഒരു പാട് മെസ്സേജുകൾ. "എനിക്ക് നിന്നോടൊന്ന് സംസാരിക്കണം. "

    "ഒരുപാട് തവണ വിളിച്ചു. നീ വീട്ടിൽ വരുന്നത് കാത്തിരുന്നു."

    പറയാൻ വച്ച കാര്യങ്ങൽ കേൾക്കാനാരുമില്ലാതെ അവർ വീർപ്പുമുട്ടി മരിച്ചതാവുമോ? അഘാതമായ ഏകാന്തതയിൽ നിന്നും അവർക്കിതൊരു മോചനമായിരിക്കാം.

    നമ്മുടെ പേഴ്സണൽ സ്പേസിൽ ഇൻ്റിമേറ്റ് സ്പേസ് അഥവാ നിങ്ങളുടെ close relationships( അച്ഛൻ,അമ്മ,സഹോദരങ്ങൾ, partner, അടുത്ത സുഹൃത്തുക്കൾ..)

    ഇവരുമായുള്ള നിങ്ങളുടെ ബന്ധം എത്രമാത്രം ആഴമുള്ളതാണ്? നിങ്ങൾക്കിവരുമായി എല്ലാം പറയാനും പങ്കുവെക്കാനും സാധിക്കാറുണ്ടോ?

    നിങ്ങളിതുപോലെ അവരെ കേൾക്കാനായി കുറച്ചു സമയം മാറ്റി വക്കാറുണ്ടോ? അവരു പറയുന്നത് തികച്ചും നീതിപുലർത്തി കേൾക്കാറുണ്ടോ?

    എല്ലാവരും അർഹിക്കുന്നുണ്ട്, നല്ലൊരു കേൾവിക്കാരനെ, സംസാരിച്ചിക്കാൻ ഒരുപാട് പേരെ കിട്ടും. നമ്മളെ unconditionally കേൾക്കാൻ ഒരാളുണ്ടാവുക എന്നതാണ് പ്രധാനം.

    നിങ്ങളുടെ പ്രശ്നങ്ങൾക്ക് , വികാരങ്ങൾക്കൊക്കെ sympathy തേടി മലകയറി പോയി കണ്ണുകെട്ടി കേൾക്കണം എന്നില്ല. "Listening begins at home"

    നിരുപാധികമായി, പരിമിതികളില്ലാതെ കേൾക്കാനൊരിടം നമ്മുടെ വീട്ടിൽ നിന്ന്, നിങ്ങളുടെ ഇൻറിമേറ്റ് സ്പേസിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കുക.

    ഇനി, ഇതൊന്നും നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ , listening അറിയുന്ന വോളണ്ടിയർസ് ഇന്ന് ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്നുണ്ട് . അവരെ കോൺടാക്ട് ചെയ്യാം.

    നമ്മുടെ പ്രശ്നങ്ങൾക്ക് sympathy പറ്റാൻ വേണ്ടിയാവരുത്.പരിഹാരങ്ങളും മാർഗങ്ങളും കണ്ടെത്താൻ വേണ്ടിയാവണം.

    Need help? Book your counseling session now