CONTENTS

    ഏകാന്തത പൂക്കുമ്പോൾ...

    avatar
    Muhammad kaif A
    ·September 9, 2025
    ·3 min read

    "ഏകാന്തത ഒരു കടൽ പോലെയാണ് അതിലേക്ക് ആരെങ്കിലും എത്തിച്ചേരുമ്പോൾ അവർക്കൊരു ദ്വീപായി മാറാം അല്ലെങ്കിൽ മുങ്ങി ചാവാം"

    -എം.ടി (ഓട്ടക്കുഴി)

    നിങ്ങൾ ഏകാന്തത അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നില്ല, കാരണം ജീവിതമെന്ന യാത്രയിൽ ഏകാന്തത എന്ന കുഴിയിൽ വീഴാത്ത മനുഷ്യരുണ്ടോ?

    പക്ഷെ എന്താണീ ഏകാന്തത? കൂടെയാരും ഇല്ലാതെ ഒറ്റപ്പെടുന്ന അവസ്ഥയാണോ ഇത്? ഒരിക്കലുമല്ല. കൂടെയാളുകൾ ഇല്ലാതിരിക്കുന്ന ഒരു ശാരീരികമായ അവസ്ഥ അല്ല മറിച്ച് നമ്മൾ ആഗ്രഹിക്കുന്ന ഒരു സാമൂഹിക ബന്ധവും നമ്മൾക്ക് നിലവിലുള്ള ബന്ധവും തമ്മിലുള്ള വിടവിലൂടെ ഉടലെടുക്കുന്ന ശൂന്യതയെ കാണിക്കുന്ന ഒരു മാനസിക നിലയാണ് ഏകാന്തത.

    അതിനാൽ നമുക്ക് ചുറ്റുമുള്ള ആളുകളുടെ എണ്ണമല്ല അവരുമായി നമുക്കുള്ള ബന്ധത്തിന്റെ ആഴമാണ് ഏകാന്തതയുടെ അളവുകോൽ എന്ന് പറയാം. ഇത് തികച്ചും വ്യക്തിപരമായ ഒന്നാണ് അതിനാൽ ഒരു മരുഭൂമിയിലൊ കാട്ടിലോ ഒറ്റപ്പെട്ടുപോയ മനുഷ്യനെക്കാൾ ഏകാന്തത നഗരത്തിന്റെ തിരക്കിൽ ജീവിക്കുന്ന ഒരു വ്യക്തി അനുഭവിക്കുന്നുണ്ടാവാം. ഇതിന്റെ മുന്നിൽ നമ്മുടെ പണത്തിനോ പ്രശസ്തിക്കോ ശക്തിക്കോ ഒരു പ്രസക്തിയും ഇല്ല.

    ജൈവികപരമായി നോക്കുമ്പോൾ വിശപ്പും ദാഹവും എങ്ങനെയാണോ മനുഷ്യന്റെ ശാരീരികമായ ആവശ്യങ്ങൾ നിറവേറ്റാൻ കാരണമാവുന്നത് അതുപോലെ മനുഷ്യന്റെ സാമൂഹിക ബന്ധങ്ങൾ നിലനിർത്താൻ പ്രേരിപ്പിക്കുക എന്നതാണ് ഏകാന്തതയുടെ ധർമ്മം. ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ നിലനിൽപ്പിനാത്യാവശ്യമായ ഒന്നാണിത്.

    പക്ഷെ ഏകാന്തത എന്ന ദുർഭൂതം എത്രത്തോളം അപകടകാരിയാണെന്ന് നോക്കിയാൽ, പല പഠനങ്ങളും പ്രകാരം കടുത്ത ഏകാന്തത മൂലമുള്ള സമ്മർദ്ദം(stress) ആണ് ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്നതിൽ ഏറ്റവും മോശം കാര്യം. കാരണം ഏകാന്തത ശാരീരികവും മാനസികവുമായ ഒരുപാട് പ്രശ്നങ്ങളിലേക്ക് തുറക്കുന്ന ഒരു വലിയ വാതിലാണ്!

    ദിവസവും പതിനഞ്ച് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഏകാന്തത അനുഭവിക്കുന്നത് എന്ന് പറഞ്ഞത് വിവേക് മൂർത്തി ( US Surgeon General) ആണ്. ഏകാന്തതയെ പറ്റി നടത്തിയ പലവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം ഇങ്ങനെ ഒരു നിഗമനത്തിലെത്തി ചേർന്നത്. ഏകാന്തത പൊണ്ണത്തടി (obesity) യെക്കാൾ ഇരട്ടി അപകടകാരിയും അകാലവാർദ്ധക്യം, അൽഷിമേഴ്‌സ് (Alzheimer's) പോലുള്ള വാർദ്ധക്യ രോഗങ്ങളിലേക്ക് നയിക്കുന്നതും പ്രതിരോധശേഷി തന്നെ ഇല്ലാതാക്കാൻ കെൽപ്പുള്ളതുമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകാന്തത നമ്മുടെ മാനസികനിലയെ താറുമാറാക്കുന്നതാണ് ഇതിനു കാരണം. വിഷാദം(depression), ഉത്കണ്ഠ (anxiety) തുടങ്ങിയ പല പ്രധാന മാനസിക പ്രശ്നങ്ങൾക്കും ഏകാന്തത ഏറ്റവും നല്ല ഇന്ധനമാണ്.

    പ്രധാനമായും ഏകാന്തത രണ്ടുതരത്തിലാണ് ഉള്ളത്, സാമൂഹിക ഏകാന്തത(social loneliness)യും വൈകാരികമായ ഏകാന്തതയും(emotional loneliness). സാമൂഹിക ഏകാന്തത എന്നാൽ ഒരാൾ ആഗ്രഹിക്കുന്നത് പോലെയുള്ള സാമൂഹിക ബന്ധങ്ങൾ ലഭിക്കാതെയാകുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. സ്വന്തം നാട് ജോലിസ്ഥലം പഠിച്ചസ്ഥാപനം എന്നിവ മാറുമ്പോൾ തുടങ്ങി ജീവിതം പറിച്ചുനടുന്ന സാഹചര്യങ്ങളിലും സഭാകമ്പം(social anxiety) ഉള്ളവരും അന്തർമുഖത്വം( introversion) ഉള്ളവരും ചിലപ്പോൾ ഇത് നേരിടേണ്ടി വന്നേക്കാം.

    പക്ഷെ വൈകാരികമായ ഏകാന്തത എന്നാൽ കുറച്ചൂടെ കാഠിന്യമേറിയ ഒന്നാണ്. നമ്മൾ അർഹിക്കുന്ന തരത്തിൽ ഉള്ള ആഴത്തിലുള്ള വൈകാരികമായ ബന്ധമോ പിന്തുണയൊ ഇഷ്ടമോ ആരിൽ നിന്നും ലഭിക്കുന്നില്ല എന്ന ചിന്തയാണ് ഇതിനു കാരണം. അതിനാൽ സാമൂഹിക ഏകാന്തതയെ വച്ച് നോക്കുമ്പോൾ മാനസിക ശാരീരിക പ്രശ്നങ്ങളിലേക്ക് കൂടുതലായി തള്ളി വിടുന്നതും മാറ്റാൻ ഏറെ പ്രയാസമുള്ളതും വൈകാരികമായ ഏകാന്തത (emotional loneliness) ആണ്. കാരണം ഇത് മാറാൻ കുറച്ച് പുതിയ ആൾക്കാരോട് സംസാരിച്ചാൽ പോരല്ലോ, ആഴത്തിലുള്ള ബന്ധം കണ്ടെത്തേണ്ടേ?!

    ശരിക്കും ഏകാന്തത വല്ലാതെ പൂക്കുന്ന ഒരു നൂറ്റാണ്ടിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അതിന് കാരണങ്ങൾ പലതാണ് അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൂട്ടമായ സാമൂഹിക ജീവിത ശൈലിയിൽ നിന്നും വ്യക്തിപ്രധാനമായ(individualism) ശൈലിയിലേക്കുള്ള നമ്മുടെ മാറ്റം. ഇത് മനുഷ്യനെന്ന സാമൂഹിക ജീവിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. കൂട്ടുകുടുംബം അണുകുടുംബമാവുന്നതും ജോലിസ്ഥലം വീടുതന്നെ യായി മാറുന്നതും തുടങ്ങി മനുഷ്യനെ മറ്റുള്ളവരിൽ നിന്നും അകറ്റുന്ന എല്ലാ കാര്യങ്ങളും മനുഷ്യൻ ആപത്തു തന്നെയാണ്.

    അതുപോലെ എല്ലാവരും ചെയ്യുന്ന മറ്റൊരു കാര്യമാണ് ഏകാന്തതയെ കൊല്ലാൻ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും സഹായം തേടുക എന്നത്. എന്നാൽ ഇത് ഏകാന്തതയെ നന്നായി വളർത്തുന്ന ഒരു വളമായാണ് മാറുന്നത് എന്നതാണ് സത്യം.!

    കാരണം പേരിൽ സോഷ്യൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നുമുള്ള ലൈക്കിനും ഫോളോയ്ക്കും ഒന്നിനും യഥാർത്ഥത്തിലുള്ള സാമൂഹിക ബന്ധത്തിന് പകരമാവാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത് വെറും മിഥ്യബന്ധങ്ങൾ മാത്രം (illusion of connection). കൂടാതെ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലെ ഏറ്റവും നല്ല വശം മാത്രം കാണുന്നതിനാൽ

    സ്വന്തം ആത്മാഭിമാനം(self esteem) കുറയാനും FOMO (Fear Of Missing Out) ഉണ്ടാവാനും ഇതൊക്കെ ഏകാന്തതയിലേക്ക് നയിക്കാനും കാരണമാവം എന്ന് പഠനങ്ങൾ ഉണ്ട്.

    പിന്നെ ഏതൊരു പ്രശ്നത്തേയും പോലെ ഏകാന്തതയെയും പരിഹരിക്കാൻ നമ്മൾ ചെയ്യേണ്ടത് ആദ്യം അത് ഉണ്ടെന്ന് മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ്. പിന്നെ സ്വന്തത്തിലധിഷ്ഠിതമായ ജീവിതത്തിൽനിന്നുമാറി കൂടുതലായി സാമൂഹിക ജീവിതത്തിനു പ്രാധാന്യം നൽകുകയും നല്ല ബന്ധങ്ങളിൽ കൂടുതലായി ശ്രദ്ധകൊടുക്കുകയും ചെയ്യുന്നത് ഏകാന്തതയെ ഇല്ലാതാക്കാൻ സഹായിക്കും. ഇതിൽ പ്രധാനപെട്ട ഒന്നാണ് ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ വീടിനും ജോലിസ്ഥലത്തിനും ശേഷം മറ്റുള്ളവരുമായി സമയം ചിലവിടാൻ മൂന്നാമതൊരിടം (third place) ഉണ്ടാകുക എന്നത്. ഇത് ചിലപ്പോൾ ഒരു പാർക്കോ, ബീച്ചോ, ജിമ്മോ, പള്ളിയോ ആയേക്കാം. നമ്മൾ എല്ലാവരുടെയും മനസ്സ് ഇങ്ങനെ ഒരിടം അർഹിക്കുന്നുണ്ട്. ഇതുപോലെയുള്ള സ്ഥലങ്ങളുടെ അഭാവമാണ് മുതിർന്നവരിൽ ഏകാന്തതയുണ്ടാവാനുള്ള പ്രധാന പ്രശ്നമായി പറയുന്നത്. പിന്നെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ മിതത്വം പാലിക്കുകയും അതിലുള്ള ബന്ധങ്ങളും ഒരിക്കലും ജീവിതത്തിലെ ബന്ധങ്ങൾക്ക് പകരമാവില്ല എന്ന തിരിച്ചറിവും നമുക്കുണ്ടാവണം.

    ഇങ്ങനെയൊക്കെ ജീവിതക്രമം മാറ്റുന്നതിലൂടെ ഏകാന്തതയെ ഒരു പരിധിവരെ തടഞ്ഞുനിർത്താം. പക്ഷെ നിങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കുന്നില്ല എന്ന് തോന്നിയാൽ ഒരു സഹായം തേടാനോ ഒരു സൈക്കോളജിസ്റ്റിനെ കാണാനോ മടിക്കരുത് അവർക്ക് നിങ്ങളെ സഹായിക്കാൻ ആയേക്കാം.

    മനുഷ്യൻ അത്ഭുതകരമായ ഒരു ലോകത്തെ തന്നെ ഉണ്ടാക്കിയെടുത്തു. പക്ഷെ, ഈ തിളങ്ങുന്ന ഒരു കാര്യവും മനുഷ്യന്റെ സാമൂഹിക ബന്ധത്തിനായുള്ള അടിസ്ഥാപരവും ജൈവികവുമായുള്ള ആവശ്യത്തിന് പകരം വെക്കാവുന്നതൊ ഇല്ലാതാക്കാവുന്നതോ അല്ല എന്ന് ഏകാന്തത കാണിച്ചു തരുന്നു.

    References

    https://sites.google.com/view/sourcesloneliness/startseite

    Need help? Book your counseling session now