CONTENTS

    വാർദ്ധക്യത്തിലെ മാനസികാരോഗ്യം

    avatar
    Greeshma Saravanan
    ·December 29, 2025
    ·3 min read

    വാർദ്ധക്യം അഥവാ പ്രായമാകുക എന്നത് മനുഷ്യന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ്. എന്നാല്‍ ശാരീരികാരോഗ്യപ്രശ്നങളോടൊപ്പം മാനസികാരോഗ്യ പ്രശ്നങ്ങളും ഈ ഘട്ടത്തെ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാക്കുന്നു.

    പ്രായമായവരിൽ മാനസികാരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിന്റെ പ്രധാനകാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.

    പ്രധാന മാനസികാരോഗ്യ പ്രശ്നങ്ങൾ

    1. ഡിപ്രഷൻ(Depression): ആത്മവിശ്വാസ കുറവ്, ജീവിതത്തിൽ താൽപ്പര്യം നഷ്ടപ്പെടൽ, തീവ്രമായ നിരാശ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

    2.ആങ്ക്സൈറ്റി( Anxiety ): ഭാവിയെ പറ്റി ചിന്തിച്ച് അനാവശ്യമായി ഭയപ്പെടുക. അസാധാരണമായ പെരുമാറ്റ രീതികൾ മുതലായവ.

    3. ഡിമെൻഷ്യ(Dementia): ഓർമ്മശക്തി നഷ്ടപ്പെടുക, പ്രതിദിന പ്രവർത്തനങ്ങളിൽ പോലും മറവി, മടുപ്പ് അനുഭവപ്പെടുക.

    4. സാമൂഹികമായ ഒറ്റപ്പെടൽ: മക്കളും ബന്ധുക്കളും അകന്നു പോകുന്ന സാഹചര്യത്തിൽ ഉണ്ടായ ഒറ്റപ്പെടൽ അവരെ മാനസികമായി തളർത്താനും കൂടുതൽ ഉൾവലിയാനും ഇടയാക്കുന്നു.

    മാനസികാരോഗ്യപ്രശ്നങ്ങളുടെ പ്രധാനകാരണങ്ങൾ

    1. ശാരീരിക ബുദ്ധിമുട്ടുകൾ: ശാരീരികക്ഷമത കുറയുന്നത്, രോഗങ്ങൾ, യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതലായവ മാനസിക സമ്മർദം ഉണ്ടാക്കുന്നു.

    2. ഏകാന്തത അഥവാ ഒറ്റപ്പെടൽ: സാമൂഹികമായി ഒറ്റപ്പെടുക, പല കാരണങ്ങളാൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അകന്നു പോകുന്നത്, പിന്തുണയില്ലായ്മ എന്നിവ പ്രധാന കാരണങ്ങളാണ്

    3. ആർത്തവ ഘടനയിലുള്ള മാറ്റങ്ങൾ: പ്രായമുള്ളവർക്ക് സീരിയസായ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുകയും ഇത് മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

    4. സാമ്പത്തിക പ്രശ്നങ്ങൾ: വരുമാനത്തിന്റെ കുറവ്, സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അഭാവം മുതലായവ കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുന്നു.

    പരിഹാര മാർഗങ്ങൾ

    1. സമൂഹിക പിന്തുണ : കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവരുടെ ജീവതത്തിൽ സജീവ പങ്കാളികളാകണം.

    2. ആരോഗ്യ പരിപാലന പദ്ധതികൾ : പ്രായമായവരെ പ്രത്യേകം പരിഗണിച്ചുകൊണ്ടുള്ള മാനസികാരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക.

    3. ശാരീരിക വ്യായാമം: ശരീരക്ലേശം കുറയ്ക്കുകയും മനസ്സിന് ഉന്മേഷം നൽകുകയും ചെയ്യുന്ന വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുക.

    4. ആത്മവിശ്വാസം വളർത്തൽ: പ്രായമെന്നത് ഒന്നിനും ഒരു തടസ്സമല്ലെന്നും ഓരോ ദിവസവും പുതുതായി തുടങ്ങാനും പുതിയ കാര്യങ്ങൾ ചെയ്യാനും അവർക്ക് സാധിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും അവരെ ബോധ്യപ്പെടുത്തുക.

    5. മനഃശാസ്ത്ര സഹായം: ഡിപ്രഷൻ പോലെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ മാനസികാരോഗ്യ വിദഗ്ധരെ സമീപിക്കണം.

    ഈ വിഷയത്തിലെ മറ്റൊരു പ്രധാന പ്രശ്നം, വാർദ്ധക്യം എന്ന ഈ ഒരു ഘട്ടത്തിലെ വെല്ലുവിളികൾ ആ വ്യക്തിയും അവരുടെ കുടുംബാംഗങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു അല്ലെങ്കിൽ നേരിടുന്നു എന്നതാണ്.

    പ്രായമാകുമ്പോൾ ശരീരത്തിന്റെ ശക്തിയും മനസ്സിന്റെ ശാന്തതയും കുറയുകയും,അതുകൊണ്ടു തന്നെ കുടുംബത്തിൽ നിന്നും അനുഭവിക്കുന്ന ചെറിയ ചില പ്രശ്നങ്ങൾ പോലും മാനസികാരോഗ്യത്തെ തകർക്കുന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്.

    പ്രായമായ വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ഈ സമയത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളും അതിന്റെ പരിഹാര മാർഗങ്ങളും എന്തെല്ലാം എന്നു നോക്കാം.

    1. ഒറ്റയ്കാവുന്നു എന്ന തോന്നൽ.

    പ്രായമായവർക്കുള്ള ഏറ്റവും വലിയ മാനസിക ഭീഷണിയാണ് ഒറ്റപ്പെടൽ. കുടുംബാംഗങ്ങൾ സമീപത്തില്ലെങ്കിൽ അവർക്കുള്ള ജീവിതത്തിൽ സന്തോഷത്തിന്റെ അടിത്തറ നഷ്ടമാവുന്നു.

    പഴയകാലം പോലെ കൂട്ടു കുടുംബങ്ങളുടെ സംരക്ഷണം ഇന്ന് ഇല്ലാതായിരിക്കുകയാണ്. അണുകുടുംബങ്ങളായി അംഗസംഖ്യ കുറയുന്നതിനോടൊപ്പം വീടുകളിൽ പ്രായമായവർ ഒറ്റപ്പെടുകയും ചെയ്യുന്നു.

    തൊഴിൽ ആവശ്യങ്ങൾക്കായി മക്കൾ വിദേശത്തോ മറ്റൊരു സ്ഥലത്തോ മാറി താമസിക്കുമ്പോൾ പ്രായമായവർക്കുള്ള ഏകാന്തത കൂടുന്നു.ഇത് ചിലപ്പോഴെങ്കിലും ഡിപ്രഷൻ, ഓർമ്മശക്തി കുറവ് തുടങ്ങിയ പ്രശ്നങ്ങൾക് ഇടയാക്കുന്നു.

    . 2. ആരോഗ്യ സംരക്ഷണത്തിലെ അവഗണന:

    പ്രായധിക്യം മൂലം ഉണ്ടാകാവുന്ന ആരോഗ്യസംബന്ധമായ ആവശ്യങ്ങൾക്കുള്ള അവഗണന.

    അങ്ങനെ ഉണ്ടായാൽ അതിനെ നേരിടാൻ വേണ്ട മാനസിക പിന്തുണ എങ്ങു നിന്നും ലഭിക്കാതിരിക്കുക.

    പ്രായാധിക്യമോ മറ്റു രോഗങ്ങളോ മൂലം അവശതകൾ അനുഭവിക്കുന്നവരെ ഒരു ബുദ്ധിമുട്ടായി കാണുന്നതും അവരെ അവഗണിക്കുകയും ചെയ്യുന്നത്

    അവരിൽ കടുത്ത നിരാശയും ആത്മവിശ്വാസ കുറവും ഉണ്ടാക്കുന്നു.ഇത്തരം സമീപനങ്ങൾ അവർക്ക് ഒറ്റപ്പെടലിന്റെ അനുഭവം നൽകുന്നു.

    3. ആത്മവിശ്വാസത്തിന്റെ തകർച്ച:

    വീട്ടിലെ അംഗങ്ങളാൽ “ഭാരം” എന്ന നിലയിൽ കണക്കാക്കപ്പെടുന്നത് പല പ്രായമായവരിലും തീവ്രമായ നിരാശയ്ക്കും അപമാനത്തിനും കാരണമാകുന്നു.

    അത് അവർക്ക് ജീവിതത്തോട് തന്നെ മടുപ്പ് തോന്നിക്കുന്നു.മക്കളുടെ സംരക്ഷണയിൽ കഴിയുമ്പോൾ ചിലപ്പോഴെങ്കിലും

    അവർക്ക് " ഇനി എനിക്ക് ഒന്നും ചെയ്യാനില്ല” എന്ന ചിന്താശീലം വരുന്നു ഇത് അവരുടെ ആത്മബോധത്തെയും വ്യക്തിത്വത്തെയും ബാധിക്കുന്നു.

    4. പരിചരണത്തിലുള്ള കുറവ്:

    ശരീരശേഷിയും ആരോഗ്യവും കുറയുമ്പോൾ ആവശ്യമായ പരിചരണം ലഭിക്കാത്തത് അവരെ മാനസികമായി തളർത്താൻ ഇടയാക്കുന്നു. ഈ സമയത്ത് കുടുംബാംഗങ്ങളുടെ അവഗണന അവർക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.

    5. സാമ്പത്തിക പ്രശ്നങ്ങൾ:

    വാർദ്ധക്യത്തിലെത്തിയെങ്കിലും സാമ്പത്തിക ഭദ്രതയില്ലാത്ത അവസ്ഥയിൽ വരുമാനത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് അവർക്ക് മാനസിക സമ്മർദവും പിരിമുറുക്കവും വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ തനിക് പ്രായമായതുകൊണ്ട് തന്റെ കുടുംബത്തിൽ സാമ്പത്തികമായ പങ്കുവഹിക്കാനാകുന്നില്ല അതിനാൽ താൻ മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ തീവ്രമാകാനും സാധ്യതയുണ്ട്.

    6.പുതിയ തലമുറയുടെ വ്യത്യസ്ത സമീപനങ്ങൾ:

    പുതുതലമുറയുടെ പല കാഴ്ചപ്പാടുകളും സമീപനങ്ങളും മാതാപിതാക്കളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്തതിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ.

    7. വിശ്രമം ലഭിക്കാതിരിക്കുക

    ചിലർക്കെങ്കിലും വാർദ്ധക്യത്തിലും കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉത്തരവാദിത്വങ്ങൾ കയ്യാളേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇത് ആവശ്യത്തിന് വിശ്രമം കിട്ടാതെ അവരുടെ ശാരീരിക മാനസിക ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു.

    പരിഹാര മാർഗങ്ങൾ

    1. ആശയവിനിമയത്തിന് പ്രാധാന്യം നൽകുക

    കുടുംബം നേരിട്ട് സംസാരിക്കുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്താൽ വാർദ്ധക്യത്തിൽ തനിമയും സമാധാനവും നിലനിർത്താൻ കഴിയും.

    പ്രായമായവരുടെ താത്പര്യങ്ങൾ ഉൾക്കൊണ്ടുള്ള തീരുമാനങ്ങളിൽ അവരെ ഉൾപ്പെടുത്തുക.

    2. ഒരുമിച്ച് സമയം ചെലവഴിക്കുക

    തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബത്തിലെ ഓരോരുത്തരും പ്രായമായവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ ശ്രമിക്കുക.

    അവർക്കായി പ്രത്യേകം സമയം കണ്ടെത്തുന്നതും അവരെ സന്ദർശിക്കുന്നതും അവരുടെ മാനസികാരോഗ്യത്തെ വളരെ ഗുണപരമായി സ്വാധീനിക്കും.

    3. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക

    ടെക്‌നോളജിയുടെ സഹായത്തോടെ മക്കൾക്കും മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കെല്ലാവര്ക്കും തന്നെ ദിവസേന കാണുന്നതിനും സംസാരിക്കുന്നതിനും അങ്ങനെ ആ ബന്ധം നല്ല രീതിയിൽ നിലനിർത്താനും ഇക്കാലത്തു എളുപ്പമാണ്. അത് പരമാവധി ഉപയോഗപ്പെടുത്തുക.

    വിരസതയും ഒറ്റപ്പെടലും ഒഴിവാക്കാൻ മൊബൈൽ ഫോൺ, വീഡിയോ കോൾ തുടങ്ങിയവ ഉപയോഗിക്കുക. സൗഹൃദങ്ങൾ പുതുക്കുകയും നിലനിർത്തുകയും ചെയ്യുക.

    4. ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ശ്രദ്ധ

    പ്രായമുള്ളവരുടെ ശാരീരിക ആവശ്യങ്ങൾ മനസ്സിലാക്കി അവയ്ക്ക് പ്രാധാന്യം നൽകുക.അവരുടെ മനസ്സിനു പിന്തുണ നൽകാനുള്ള ശ്രമം ഉറപ്പാക്കുക.

    5. മനഃശാസ്ത്ര സഹായം:

    പ്രായമായവർക്കുള്ള മാനസികാരോഗ്യ സേവനങ്ങൾ ഒരു പരിധിവരെ അവരിൽ ആത്മസംതൃപ്തിയും സന്തോഷവും നൽകാൻ സഹായിക്കു.

    6. സാമ്പത്തിക പിന്തുണ:

    മക്കൾ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തികമായ പിന്തുണ നൽകാൻ ശ്രമിക്കുക. നേരത്തെ തന്നെ ഭദ്രമായ സാമ്പത്തിക നയം സ്വീകരിക്കുന്നതിന് ( ആരോഗ്യ ഇൻഷുറൻസ് പോലുള്ളവ )അവരെ സഹായിക്കുക.

    7. വൃദ്ധസദനങ്ങളുടെ സഹായം:

    ആവശ്യമെങ്കിൽ പരിപാലനത്തിനായി പ്രായമായവരെ അംഗീകൃത വൃദ്ധസദനങ്ങളിൽ ഉൾപ്പെടുത്തുക.

    അവിടെ അവർക്കുള്ള ഇഷ്ടപ്രകാരം സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുക.

    മാനസികാരോഗ്യം പ്രായമായവരുടെ വ്യക്തിത്വത്തിന്റെയും ജീവിതത്തിലെ സന്തോഷത്തിന്റെയും അടിത്തറയാണ്.

    വാർദ്ധക്യത്തിലെ കുടുംബ പ്രശ്നങ്ങൾ മാനസികാരോഗ്യത്തെ വളരെയധികം ബാധിക്കുന്നവയാണ്. കുടുംബത്തെ ഒരു ശക്തമായ കൂട്ടായ്മയായി രൂപപ്പെടുത്തുന്നത് മാത്രമാണ് മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം.

    കുടുംബം അവരോടുള്ള പരിഗണനയും പ്രോത്സാഹനവും കൃത്യമായി നൽകുമ്പോൾ, അവർക്ക് മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥയിൽ ആരോഗ്യപരമായി മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയും.

    ആവശ്യമായ ശ്രദ്ധയും കരുതലുകളും നിലനിൽക്കുമ്പോൾ,വാർദ്ധക്യം ഒരു അനുഭവ സമൃദ്ധി നിറഞ്ഞ കാലഘട്ടമായിരിക്കും, അത് പുതിയ തലമുറയ്ക്ക് മാതൃകയാവുകയും ചെയ്യും.

    Mrs. Greeshma Saravanan
    Ushaar Psychologist

    Need help? Book your counseling session now